ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മെസേജിങ് സര്‍വീസായ വാട്‌സ്ആപ്പ് ആപ്ലിക്കേഷന് സുരക്ഷാ ഭീഷണി. 
വോയിസ് കോളിങ് സേവനത്തിലെ സുരക്ഷാപഴുത് മുതലെടുത്ത് പുതിയ സ്‌പൈവെയര്‍ ഫോണുകളിലേക്ക് പടരുന്നതായി കണ്ടെത്തി. ആന്‍ഡ്രോയിഡ്. ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ് ആപ്പ് ഉപയോക്താക്കളാണ് ഭീഷണി നേരിടുന്നത്. ഇസ്രയേല്‍ സംഘമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. 
സുരക്ഷാ പിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ എത്രയും വേഗം വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന പെഗാസസ് എന്ന പേരിലുള്ള ചാര സോഫ്റ്റ്‌വെയറാണ് പ്രചരിക്കുന്നത്. മെയ് ആദ്യത്തിലാണ് വാട്‌സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടത്. 

പുതിയ മാറ്റങ്ങളുമായി വാട്സാപ്, മെസേജ് ഷെയർ ചെയ്തവരുടെ കണക്കുകൾ അറിയാം…


വാട്‌സ്ആപ്പ് നമ്പറിലേക്ക് ഹാക്കര്‍മാര്‍ കോള്‍ ചെയ്യും. കോള്‍ അറ്റന്റ് ചെയ്തില്ലെങ്കില്‍ പോലും ഹാക്കിങ് സോഫ്റ്റ്‌വെയര്‍ ഫോണില്‍ സ്വയം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ലോഗില്‍ നിന്ന് കോള്‍ ഡിലീറ്റ് ചെയ്യും. ലോകത്താകമാനം എത്ര ഫോണുകള്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കാനായിട്ടില്ല. സുരക്ഷാ ഏജന്‍സികള്‍ക്കും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിനും ഹാക്കിങ് വിവരങ്ങള്‍ കൈമാറിയെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി. 

2010ല്‍ സ്ഥാപിതമായ എന്‍എസ്ഒ എന്ന ഇസ്രയേലി സാങ്കേതിക സംഘമാണ് ഹാക്കിങിന് പിന്നിലെന്നാണ് സൂചനന. ഉപയോക്താവിന്റെ അറിവില്ലാതെ ഇവര്‍ ഇമെയിലുകളും മെസേജുകളും ഗാലറിയും ഒക്കെ നിരീക്ഷിക്കുന്നു. ഫോണിലെ ക്യാമറ പോലും ഉപയോക്താവ് അറിയാതെ പ്രവര്‍ത്തിപ്പിക്കാന്‍ ഇവരുടെ പക്കല്‍ സോഫ്റ്റ് വെയറുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രയേല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഇവര്‍ ഇത്തരം സോഫ്റ്റുവെയറുകളും ആപ്ലിക്കേഷനുകളും നിര്‍മ്മിച്ച് നല്‍കാറുണ്ട്. മാധ്യമങ്ങള്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കും നേരെ എന്‍എസ്ഒ പെഗാസസ് ഉപയോഗിച്ച് ഹാക്കിങ് നടത്തിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 1.5 ബില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here